Thursday, August 17, 2006

ഗ്നു, ലിനക്സ്‌

വിവരം ഏറ്റവും വലിയ വില്‍പ്പനച്ചരക്കാവുന്ന വിവരസാങ്കേതികവിദ്യാ കാലത്ത്‌ ബഹുരാഷ്ട്ര സ്ഥാപനങ്ങള്‍ കുത്തക നിലനിര്‍ത്തുന്നത്‌ പകര്‍പ്പവകാശത്തിലൂടെയാണ്‌. പകര്‍പ്പവകാശത്തിന്‌ ഇംഗ്ലീഷില്‍ കോപ്പിറൈറ്റ്‌ എന്നു പറയും. ഇതു കോപ്പി ലെഫ്റ്റ്‌ എന്നാക്കിയാല്‍ പകര്‍പ്പുപേക്ഷയായി. ഇതാണ്‌ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം.

കോപ്പി ലെഫ്റ്റ്‌ എന്നതില്‍ പകര്‍പ്പവകാശ നിഷേധം മാത്രമല്ല ഉള്ളത്‌. വിവരത്തിന്റെ കുത്തകക്കെതിരായ ഇടതുപക്ഷ സനേ്ദശവുമുണ്ട്‌. അമേരിക്കയിലെ പ്രശസ്തമായ എം.ഐ.ടി.യില്‍ കമ്പ്യൂട്ടര്‍ വിദഗ്ദ്ധനായിരുന്ന റിച്ചാര്‍ഡ്‌ സ്റ്റാള്‍മാനാണ്‌ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ തലതൊട്ടപ്പന്‍.

യൂണിക്സ്‌ എന്ന ഓപ്പറേറ്റിങ്‌ സിസ്റ്റമാണ്‌ മുന്‍പ്‌ കമ്പ്യൂട്ടറുകളില്‍ വ്യാപകമായുപയോഗിച്ചിരുന്നത്‌. അതിന്റെ വാണിജ്യവല്‍ക്കരണത്തോടെയാണ്‌ സ്വതന്ത്ര സോഫ്‌ട്‌വെയര്‍ എന്ന ആശയം ഉടലെടുക്കുന്നത്‌. ഇതിനായി സ്റ്റാള്‍മാന്‍ 1983-ല്‍ ഗ്‌നു ഫൗണ്ടേഷന്‍ സ്ഥാപിച്ചു. യൂണിക്സിനെപ്പോലെ ഒരു സോഫ്റ്റ്‌വെയര്‍ സ്വതന്ത്രമായി വികസിപ്പിക്കാന്‍ ശ്രമം തുടങ്ങി. 1900കളുടെ തുടക്കത്തോടെ അദ്ദേഹം ഓപ്പറേറ്റിങ്‌ സിസ്റ്റത്തിനു വേണ്ടതെല്ലാം തയ്യാറാക്കി. കേണല്‍ (kernel) ഒഴികെ. (ഓപ്പറേറ്റിങ്‌ സിസ്റ്റത്തിന്റെ കേന്ദ്രഭാഗമാണ്‌ കേണല്‍. കമ്പ്യൂട്ടര്‍ മെമറിയില്‍ സ്ഥിരമായി നിലകൊണ്ട്‌ പ്രവര്‍ത്തിക്കേണ്ട പ്രോഗ്രാം.) ഹഡ്‌ (hurd) എന്ന പേരില്‍ അദ്ദേഹം ഒരു കേണല്‍ വികസിപ്പിച്ചെങ്കിലും അത്‌ വിജയിച്ചില്ല.

ഫിന്‍ലന്‍ഡുകാരനായ വിദ്യാര്‍ത്ഥി ലിനസ്‌ ടോര്‍വാള്‍ഡ്‌സ്‌ 1991-ല്‍ ഒരു കേണല്‍ വികസിപ്പിച്ചു. സ്വന്തം കമ്പ്യൂട്ടറില്‍ ഉപയോഗിക്കാന്‍ അദ്ദേഹം വികസിപ്പിച്ച ഈ കേണല്‍ ഗ്‌നു പദ്ധതിയുടെ ഭാഗമായി. ഫ്രിയാക്സ്‌ എന്നാണ്‌ ലിനസ്‌ ഇതിനെ വിളിച്ചത്‌. ലിനസിനോടുള്ള ആദരമായി അതിന്‌ ലിനക്സ്‌ എന്നു പേരു വന്നു. ഗനുവിന്റെ ഭാഗമായതുകാരണം അതിനെ ഗ്‌നു ലിനക്സ്‌ എന്നു വിളിക്കണമെന്നാണ്‌ സ്റ്റാള്‍മാന്‍ നിഷ്കര്‍ഷിക്കുന്നത്‌. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ പ്രചാരകര്‍ അതിനെ ഗ്‌നു ലിനക്സ്‌ എന്നു വിളിക്കുമ്പോള്‍ സാധാരണക്കാര്‍ ഗ്‌നുവിലെ മറ്റു സോഫ്റ്റ്‌ വെയറുകളെയും ലിനക്സ്‌ എന്നു വിളിക്കുന്നു. ഗ്‌നു ലിനക്സ്‌ ഓപ്പറേറ്റിങ്‌ സിസ്റ്റത്തിന്റെ കേണല്‍ വികസിപ്പിക്കുന്നത്‌ ഇപ്പോഴും ലിനസ്‌ തന്നെയാണ്‌. ഗ്‌നു എന്നാല്‍ യൂണിക്സ്‌ അല്ല (GNU Is Not Unix) എന്നാണ്‌ ഗ്‌നുവിന്റെ മുഴുവന്‍ പേര്‌. ടക്സ്‌ എന്ന പെന്‍ഗ്വിനാണ്‌ ലിനക്സിന്റെ ചിഹ്നം. ലാറി എവിങ്‌ എന്നയാളാണ്‌ ഇത്‌ രൂപകല്‍പന ചെയ്തത്‌.

പകര്‍ത്തരുത്‌ കൈമാറരുത്‌ എന്നാണ്‌ സോഫ്റ്റ്‌വെയര്‍ കുത്തകകളുടെ മുന്നറിയിപ്പ്‌. പകര്‍ക്കാം പരിഷ്കരിക്കാം വിതരണം ചെയ്യാം-ഈ അവകാശങ്ങള്‍ മറ്റാര്‍ക്കും നിഷേധിക്കരുതെന്നു മാത്രം എന്നതാണ്‌ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ തത്ത്വം.

ഫ്രീ സോഫ്റ്റ്‌വെയര്‍ എന്നാണ്‌ ഇതിനെ ഇംഗ്ലീഷില്‍ വിളിക്കുക. പക്ഷേ, സൗജന്യ സോഫ്റ്റ്‌വെയര്‍ അല്ല അത്‌. വില കൊടുത്തുതന്നെയാണ്‌ ലിനക്സ്‌ പോലുള്ള സോഫ്റ്റ്‌വെയറുകള്‍ വാങ്ങുന്നത്‌. പിന്നീട്‌ പരിഷ്കരിച്ചുപയോഗിക്കുന്നതിനും പകര്‍ത്തുന്നതിനും പ്രതിഫലം നല്‍കേണ്ടതില്ല എന്നു മാത്രം (സൗജന്യമായി ഇന്റര്‍നെറ്റില്‍നിന്നു ഡൗണ്‍ലോഡ്‌ ചെയ്യാവുന്നതും വെര്‍ഷനുകളും ധാരാളമുണ്ട്‌). അതുകൊണ്ട്‌ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്ന പേരുതന്നെയാണ്‌ കൂടുതല്‍ യോജിക്കുക. സ്വാതന്ത്ര്യം മാത്രമല്ല ഫ്രീ സോഫ്റ്റ്‌വെയര്‍ നല്‍കുന്നത്‌. കമ്പ്യൂട്ടര്‍ വിദഗ്ദ്ധര്‍ക്ക്‌ അനന്തമായ സര്‍ഗാത്മക സാധ്യതകൂടി അത്‌ പ്രദാനം ചെയ്യുന്നു.

Article from mathrubhumi.com

സ്വാതന്ത്ര്യം അനന്തം

ഐ.ടി. രംഗത്തെ കുത്തക വിരുദ്ധരുടെ രാഷ്ട്രീയ പ്രചരണായുധം മാത്രമല്ല ഇന്ന്‌ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം. മൈക്രോസോഫ്റ്റിന്റെ കുത്തക തകര്‍ത്തുകൊണ്ട്‌ വന്‍കിട കമ്പനികളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. കേരളത്തിലെ ഐ.ടി. പാഠ്യപദ്ധതിയിലുംലിനക്സ്‌ സ്ഥാനംപിടിച്ചുകഴിഞ്ഞു

മൈക്രോസോഫ്റ്റിന്റെ പ്രചാരണ വാഹനങ്ങള്‍ അമേരിക്കയിലെമ്പാടും ചീറിപ്പായുകയാണിപ്പോള്‍. അവരുടെ ലോകപ്രശസ്ത ഓപ്പറേറ്റിങ്‌ സിസ്റ്റമായ വിന്‍ഡോസിലെ ഏറ്റവും പുതിയ അത്ഭുതങ്ങള്‍ പരിചയപ്പെടുത്തുകയാണ്‌ ഉദ്ദേശ്യം. 'മൈക്രോ സോഫ്റ്റ്‌ എക്രോസ്‌ അമേരിക്ക' എന്ന്‌ പേരിട്ട സര്‍വസജ്ജീകരണങ്ങളുമുള്ള ട്രക്കുകള്‍ ഐ.ടി. സ്ഥാപനങ്ങളിലും മൈക്രോ സോഫ്റ്റിന്റെ പങ്കാളിത്ത സംരംഭങ്ങളിലും കടന്നുചെന്ന്‌ പുതിയ ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്തുകയാണ്‌.

വിവര സാങ്കേതികവിദ്യാ ഭീമനായ മൈക്രോസോഫ്റ്റിനും ഓപ്പറേറ്റിങ്‌ സിസ്റ്റങ്ങളില്‍ കുത്തക സ്ഥാപിച്ചിരുന്ന അവരുടെ വിന്‍ഡോസിനും ഇങ്ങനെയൊരു പ്രചാരണ പരിപാടിയുടെ ആവശ്യമുണ്ടായിരുന്നില്ല ഇതുവരെ. ഇന്നുപക്ഷേ ചിത്രം മാറുകയാണ്‌. കൂടുതല്‍ കൂടുതല്‍ സ്ഥാപനങ്ങളും വ്യക്തികളും വിന്‍ഡോസ്‌ ഒഴിവാക്കി സ്വതന്ത്ര സോഫ്റ്റ്‌വെയറായ ലിനക്സിലേക്ക്‌ മാറുകയാണ്‌.

ഐ.ടി. രംഗത്തെ കുത്തക വിരുദ്ധരുടെ രാഷ്ട്രീയ പ്രചരണായുധം മാത്രമല്ല ഇന്ന്‌ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം. സ്വതന്ത്ര ചിന്തകര്‍ക്കൊപ്പം വന്‍കിട കമ്പനികളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍.

ലിനക്സ്‌ എന്ന ഓപ്പറേറ്റിങ്‌ സിസ്റ്റം അങ്ങനെ വിന്‍ഡോസിന്റെ കുത്തക തകര്‍ത്തുകൊണ്ടിരിക്കുകയാണ്‌. കേരളത്തിലെ സ്കൂളുകളില്‍ ഐ.ടി. പാഠ്യപദ്ധതിയില്‍ വിന്‍ഡോസിനു പകരം ലിനക്സ്‌ ഉള്‍പ്പെടുത്താന്‍ പുതിയ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

മൈക്രോ ചിപ്പുകളും കീപാഡും മോണിറ്ററുമൊക്കെയടങ്ങുന്ന വെറുമൊരു യന്ത്രമായ കമ്പ്യൂട്ടറിന്‌ ആത്മാവ്‌ നല്‍കുന്നത്‌ ഓപ്പറേറ്റിങ്‌ സിസ്റ്റമാണ്‌. ഇതിനെ അടിസ്ഥാനമാക്കിയാണ്‌ മറ്റു പ്രോഗ്രാമുകളെല്ലാം കമ്പ്യൂട്ടറില്‍ പ്രവേശിപ്പിക്കുന്നത്‌. ഓപ്പറേറ്റിങ്‌ സിസ്റ്റം എന്നുകേട്ടാല്‍ ആദ്യം മനസ്സിലോടിയെത്തുന്ന പേരാണ്‌ വിന്‍ഡോസ്‌. സാധാരണക്കാരന്‌ ഓപ്പറേറ്റിങ്‌ സിസ്റ്റത്തിന്റെ പര്യായമാണ്‌ അത്‌.

വിലകൊടുത്ത്‌ വാങ്ങിയെന്നുവെച്ച്‌ നമ്മുടെ സ്വന്തമാകുന്നില്ല വിന്‍ഡോസ്‌. അത്‌ പരിഷ്കരിക്കാനോ പകര്‍പ്പെടുക്കാനോ മറ്റാര്‍ക്കെങ്കിലും നല്‍കാനോ ഉപഭോക്താവിന്‌ സ്വാതന്ത്ര്യമില്ല.

ഇതില്‍ നിന്ന്‌ ഭിന്നമാണ്‌ സ്വതന്ത്ര സോഫ്റ്റ്‌വെയറായ ലിനക്സ്‌. അത്‌ പകര്‍ത്താം; പരിഷ്കരിക്കാം; വിതരണം ചെയ്യാം. സോഫ്റ്റ്‌വെയറിന്റെ ആന്തര രഹസ്യമായ സോഴ്‌സ്‌ കോഡ്‌ രഹസ്യമല്ല എന്നതാണ്‌ ലിനക്സ്‌ പോലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ സവിശേഷത. സോഴ്‌സ്‌ കോഡ്‌ രഹസ്യമല്ലാത്തതുകാരണം അത്‌ ആര്‍ക്കും മെച്ചപ്പെടുത്താം. സ്വന്തം ആവശ്യത്തിനനുസരിച്ച്‌ മാറ്റങ്ങള്‍ വരുത്താം. വിന്‍ഡോസ്‌ പരിഷ്കരിക്കണമെങ്കില്‍ മൈക്രോ സോഫ്റ്റിനുമാത്രമേ കഴിയൂ. അവരുടെ വിദഗ്‌ധര്‍ക്കുമാത്രമേ അതിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പറ്റൂ. എന്നാല്‍ ലോകമെമ്പാടുമുള്ള കമ്പ്യൂട്ടര്‍ വിദഗ്ദ്ധര്‍ ലിനക്സ്‌ മെച്ചപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്‌. ഇതുകാരണം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കുത്തക സോഫ്റ്റ്‌വെയറിനേക്കാള്‍ എപ്പോഴും ഒരുപടി മുന്നിലാവുമെന്ന്‌ അതിന്റെ പ്രചാരകര്‍ പറയുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പുതിയ പതിപ്പുകളും സൗജന്യമായി ലഭിക്കും.

മൈക്രോസോഫ്റ്റിന്റെ ഏതാണ്ടെല്ലാ സോഫ്റ്റ്‌വെയറുകള്‍ക്കും ബദലായി മെച്ചപ്പെട്ട സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുണ്ട്‌. മൈക്രോസോഫ്റ്റ്‌ ഓഫീസിനു പകരം കെ. ഓഫീസും ഓപ്പണ്‍ ഓഫീസും, എം.എസ്‌. വേഡിനു പകരം കെ. വേര്‍ഡ്‌, പവര്‍പോയന്റിനു പകരം കെ. പ്രസന്റര്‍, എക്സലിനു പകരം കെ. സ്പ്രെഡ്ഷീറ്റ്‌, വിന്‍ഡോസ്‌ മീഡിയ പ്ലെയറിനു പകരം കെ.ഡി.ഇ. മീഡിയ പ്ലെയര്‍, അഡോബ്‌ അക്രോബാറ്റിനു പകരം എക്സ്‌ പി.ഡി.എഫ്‌, വിന്‍സിപ്പിനു പകരം ആര്‍ക്കൈവര്‍ എന്നിങ്ങനെ. ഇന്റര്‍നെറ്റ്‌ എക്സ്‌പ്ലോററിനു പകരം ഉപയോഗിക്കാന്‍ ലിനക്സിനൊപ്പം കോണ്‍ക്വാര്‍ എന്ന ബ്രൗസറുണ്ട്‌. മോസില, ഓപ്പറ തുടങ്ങിയ സ്വതന്ത്ര ബ്രൗസറുകള്‍ വേറെയുമുണ്ട്‌.

വിന്‍ഡോസില്‍ ചെയ്യാവുന്ന എല്ലാ പണികളും ലിനക്സിലും ചെയ്യാം. വിന്‍ഡോസില്‍ ചെയ്ത രേഖകള്‍ ലിനക്സിലേക്ക്‌ മാറ്റുകയും ചെയ്യാം. എന്നാല്‍ ലിനക്സില്‍ ചെയ്ത ചില കാര്യങ്ങള്‍ വിന്‍ഡോസ്‌ അംഗീകരിക്കില്ല എന്നൊരു പ്രശ്നമുണ്ട്‌.

വിന്‍ഡോസ്‌ ഉപയോഗിച്ച്‌ ശീലിച്ചവര്‍ക്ക്‌ ലിനക്സിലേക്ക്‌ മാറുമ്പോള്‍ തുടക്കത്തില്‍ ചില പ്രയാസങ്ങള്‍ തോന്നിയേക്കാം. ഉദാഹരണത്തിന്‌ ഓരോ തവണയും കമ്പ്യൂട്ടര്‍ തുറക്കുന്നതിന്‌ യൂസര്‍നെയ്‌മും പാസ്‌വേഡും നല്‍കി ലോഗ്‌ ഇന്‍ ചെയ്യണം. ഫ്ലോപ്പിയോ ഡിസ്കോ ഇടുമ്പോള്‍ മൗണ്ട്‌ ചെയ്യണം. അതുപുറത്തെടുക്കുമ്പോള്‍ അണ്‍മൗണ്ട്‌ ചെയ്യണം. പരിചയമായിക്കഴിഞ്ഞാല്‍ ഇതൊന്നും ബുദ്ധിമുട്ടായി തോന്നില്ല. കുറേക്കൂടി സുരക്ഷിതമാണു താനും.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നാല്‍ ലിനക്സ്‌ അല്ല. പക്ഷേ, സ്വതന്ത്ര സോഫ്റ്റ്‌വെയറുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ അതാണ്‌. നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ പരിഷ്കരിച്ചെടുക്കാം എന്നതാണ്‌ ലിനക്സിന്റെ ഏറ്റവും വലിയ സവിശേഷത. സ്വന്തം സ്ഥാപനത്തിനുവേണ്ട രീതിയില്‍ അതു വികസിപ്പിച്ചെടുക്കാം. വലിയ കമ്പ്യൂട്ടര്‍ പരിജ്ഞാനമില്ലാത്ത സാധാരണക്കാര്‍ക്ക്‌ ഇതു കഴിയില്ല എന്നത്‌ ശരിതന്നെ. അതുകൊണ്ട്‌ സാധാരണക്കാര്‍ക്ക്‌ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൊണ്ട്‌ പ്രത്യേകിച്ച്‌ പ്രയോജനമൊന്നുമില്ല എന്ന്‌ വാദിക്കുന്നവരുണ്ട്‌. അതു ശരിയല്ല. പരിഷ്കരിക്കാനും മെച്ചപ്പെടുത്താനും പകര്‍പ്പെടുക്കാനും കഴിയുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വ്യാപിക്കുന്നത്‌ സമൂഹത്തിന്‌ മൊത്തം പ്രയോജനം ചെയ്യും. കമ്പ്യൂട്ടര്‍ പരിജ്ഞാനമില്ലാത്ത സാധാരണക്കാരനിലേക്കും ആ പ്രയോജനം ഇറങ്ങിച്ചെല്ലുകതന്നെ ചെയ്യും.

Article from mathrubhumi.com