Thursday, August 17, 2006

ഗ്നു, ലിനക്സ്‌

വിവരം ഏറ്റവും വലിയ വില്‍പ്പനച്ചരക്കാവുന്ന വിവരസാങ്കേതികവിദ്യാ കാലത്ത്‌ ബഹുരാഷ്ട്ര സ്ഥാപനങ്ങള്‍ കുത്തക നിലനിര്‍ത്തുന്നത്‌ പകര്‍പ്പവകാശത്തിലൂടെയാണ്‌. പകര്‍പ്പവകാശത്തിന്‌ ഇംഗ്ലീഷില്‍ കോപ്പിറൈറ്റ്‌ എന്നു പറയും. ഇതു കോപ്പി ലെഫ്റ്റ്‌ എന്നാക്കിയാല്‍ പകര്‍പ്പുപേക്ഷയായി. ഇതാണ്‌ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം.

കോപ്പി ലെഫ്റ്റ്‌ എന്നതില്‍ പകര്‍പ്പവകാശ നിഷേധം മാത്രമല്ല ഉള്ളത്‌. വിവരത്തിന്റെ കുത്തകക്കെതിരായ ഇടതുപക്ഷ സനേ്ദശവുമുണ്ട്‌. അമേരിക്കയിലെ പ്രശസ്തമായ എം.ഐ.ടി.യില്‍ കമ്പ്യൂട്ടര്‍ വിദഗ്ദ്ധനായിരുന്ന റിച്ചാര്‍ഡ്‌ സ്റ്റാള്‍മാനാണ്‌ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ തലതൊട്ടപ്പന്‍.

യൂണിക്സ്‌ എന്ന ഓപ്പറേറ്റിങ്‌ സിസ്റ്റമാണ്‌ മുന്‍പ്‌ കമ്പ്യൂട്ടറുകളില്‍ വ്യാപകമായുപയോഗിച്ചിരുന്നത്‌. അതിന്റെ വാണിജ്യവല്‍ക്കരണത്തോടെയാണ്‌ സ്വതന്ത്ര സോഫ്‌ട്‌വെയര്‍ എന്ന ആശയം ഉടലെടുക്കുന്നത്‌. ഇതിനായി സ്റ്റാള്‍മാന്‍ 1983-ല്‍ ഗ്‌നു ഫൗണ്ടേഷന്‍ സ്ഥാപിച്ചു. യൂണിക്സിനെപ്പോലെ ഒരു സോഫ്റ്റ്‌വെയര്‍ സ്വതന്ത്രമായി വികസിപ്പിക്കാന്‍ ശ്രമം തുടങ്ങി. 1900കളുടെ തുടക്കത്തോടെ അദ്ദേഹം ഓപ്പറേറ്റിങ്‌ സിസ്റ്റത്തിനു വേണ്ടതെല്ലാം തയ്യാറാക്കി. കേണല്‍ (kernel) ഒഴികെ. (ഓപ്പറേറ്റിങ്‌ സിസ്റ്റത്തിന്റെ കേന്ദ്രഭാഗമാണ്‌ കേണല്‍. കമ്പ്യൂട്ടര്‍ മെമറിയില്‍ സ്ഥിരമായി നിലകൊണ്ട്‌ പ്രവര്‍ത്തിക്കേണ്ട പ്രോഗ്രാം.) ഹഡ്‌ (hurd) എന്ന പേരില്‍ അദ്ദേഹം ഒരു കേണല്‍ വികസിപ്പിച്ചെങ്കിലും അത്‌ വിജയിച്ചില്ല.

ഫിന്‍ലന്‍ഡുകാരനായ വിദ്യാര്‍ത്ഥി ലിനസ്‌ ടോര്‍വാള്‍ഡ്‌സ്‌ 1991-ല്‍ ഒരു കേണല്‍ വികസിപ്പിച്ചു. സ്വന്തം കമ്പ്യൂട്ടറില്‍ ഉപയോഗിക്കാന്‍ അദ്ദേഹം വികസിപ്പിച്ച ഈ കേണല്‍ ഗ്‌നു പദ്ധതിയുടെ ഭാഗമായി. ഫ്രിയാക്സ്‌ എന്നാണ്‌ ലിനസ്‌ ഇതിനെ വിളിച്ചത്‌. ലിനസിനോടുള്ള ആദരമായി അതിന്‌ ലിനക്സ്‌ എന്നു പേരു വന്നു. ഗനുവിന്റെ ഭാഗമായതുകാരണം അതിനെ ഗ്‌നു ലിനക്സ്‌ എന്നു വിളിക്കണമെന്നാണ്‌ സ്റ്റാള്‍മാന്‍ നിഷ്കര്‍ഷിക്കുന്നത്‌. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ പ്രചാരകര്‍ അതിനെ ഗ്‌നു ലിനക്സ്‌ എന്നു വിളിക്കുമ്പോള്‍ സാധാരണക്കാര്‍ ഗ്‌നുവിലെ മറ്റു സോഫ്റ്റ്‌ വെയറുകളെയും ലിനക്സ്‌ എന്നു വിളിക്കുന്നു. ഗ്‌നു ലിനക്സ്‌ ഓപ്പറേറ്റിങ്‌ സിസ്റ്റത്തിന്റെ കേണല്‍ വികസിപ്പിക്കുന്നത്‌ ഇപ്പോഴും ലിനസ്‌ തന്നെയാണ്‌. ഗ്‌നു എന്നാല്‍ യൂണിക്സ്‌ അല്ല (GNU Is Not Unix) എന്നാണ്‌ ഗ്‌നുവിന്റെ മുഴുവന്‍ പേര്‌. ടക്സ്‌ എന്ന പെന്‍ഗ്വിനാണ്‌ ലിനക്സിന്റെ ചിഹ്നം. ലാറി എവിങ്‌ എന്നയാളാണ്‌ ഇത്‌ രൂപകല്‍പന ചെയ്തത്‌.

പകര്‍ത്തരുത്‌ കൈമാറരുത്‌ എന്നാണ്‌ സോഫ്റ്റ്‌വെയര്‍ കുത്തകകളുടെ മുന്നറിയിപ്പ്‌. പകര്‍ക്കാം പരിഷ്കരിക്കാം വിതരണം ചെയ്യാം-ഈ അവകാശങ്ങള്‍ മറ്റാര്‍ക്കും നിഷേധിക്കരുതെന്നു മാത്രം എന്നതാണ്‌ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ തത്ത്വം.

ഫ്രീ സോഫ്റ്റ്‌വെയര്‍ എന്നാണ്‌ ഇതിനെ ഇംഗ്ലീഷില്‍ വിളിക്കുക. പക്ഷേ, സൗജന്യ സോഫ്റ്റ്‌വെയര്‍ അല്ല അത്‌. വില കൊടുത്തുതന്നെയാണ്‌ ലിനക്സ്‌ പോലുള്ള സോഫ്റ്റ്‌വെയറുകള്‍ വാങ്ങുന്നത്‌. പിന്നീട്‌ പരിഷ്കരിച്ചുപയോഗിക്കുന്നതിനും പകര്‍ത്തുന്നതിനും പ്രതിഫലം നല്‍കേണ്ടതില്ല എന്നു മാത്രം (സൗജന്യമായി ഇന്റര്‍നെറ്റില്‍നിന്നു ഡൗണ്‍ലോഡ്‌ ചെയ്യാവുന്നതും വെര്‍ഷനുകളും ധാരാളമുണ്ട്‌). അതുകൊണ്ട്‌ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്ന പേരുതന്നെയാണ്‌ കൂടുതല്‍ യോജിക്കുക. സ്വാതന്ത്ര്യം മാത്രമല്ല ഫ്രീ സോഫ്റ്റ്‌വെയര്‍ നല്‍കുന്നത്‌. കമ്പ്യൂട്ടര്‍ വിദഗ്ദ്ധര്‍ക്ക്‌ അനന്തമായ സര്‍ഗാത്മക സാധ്യതകൂടി അത്‌ പ്രദാനം ചെയ്യുന്നു.

Article from mathrubhumi.com

6 comments:

പെരിങ്ങോടന്‍ said...

സ്വാഗതം സജു. ഈ ലേഖനം മാതൃഭൂമിക്കു വേണ്ടി സജു എഴുതിയതാണോ? നന്നായിരിക്കുന്നു. മലയാളം വിക്കിപീഡിയയിലും ലിനക്സിനെ കുറിച്ചു നല്ലൊരു ലേഖനമുണ്ടു്, താങ്കളുടെ ഐഡിയകളും ഉപയോഗിച്ചു അതൊന്നു എഡിറ്റ് ചെയ്തു നന്നാക്കുവാന്‍ ശ്രമിക്കുക. ലിങ്ക്: http://ml.wikipedia.org

സജു said...

ഈ ലേഖനം ഞാന്‍ ഏഴുതിയതല്ല. പക്ഷെ ഇതു വായിച്ചപ്പോള്‍ അത്‌ എവിടെയെങ്കിലും സേവ്‌ ചെയ്ത്‌ വെയ്കണം എന്നു തോന്നി. അപ്പോള്‍ ഒരു ബ്ലോഗ്‌ തുടങ്ങി അവിടെയങ്ങ്‌ ഇട്ടു. അത്രമാത്രം

abc said...

സജൂ, നല്ല സംരംഭം... സ്വന്തമായി എഴുതിയതല്ലെങ്കിലും ഈ അറിവ് മറ്റുള്ളവര്‍ക്കു കൂടി പകര്‍ന്നു തരാന്‍ തോന്നിയല്ലോ. അതു തന്നെ നല്ല കാര്യം. ലേഖനം നന്നായിരിക്കുന്നു.
ലൈനക്സൊ ലിനക്സൊ ശരി? എന്തായാലും അത് വിന്‍ഡോസിന്റെ അത്ര യൂസര്‍ ഫ്രണ്ട് ലി ആയിത്തോന്നീല്ലാ ഇതേ വരെ. ഭാവിയില്‍ ചിലപ്പൊ ഇനിയും നല്ലതായേക്കാം.

Thiramozhi said...

ഈ ലേഖനം മാതൃഭൂമിയില്‍ ഞാനും വായിച്ചിരുന്നു. ലിനക്സിനെപ്പറ്റി പുതുതായെന്തെങ്കിലും എഴുതൂ.

Anivar said...

സജൂ നന്നായിരിക്കുന്നു. ഗ്നു ഫിലോസഫിയും രാഷ്ട്രീയവും ഒന്നു മലയാളത്തിലാക്കണമെന്ന് ആഗ്രഹമുണ്ട്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് കൂട്ടത്തില്‍ കൂടുമല്ലോ. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ

Anivar said...

abc,
ഗ്നു/ലിനക്സാണ് ശരിയെന്നല്ലേ സജു പറഞ്ഞതിപ്പോള്‍. മലയാള ഭാഷ ഇംഗ്ലീഷിന്റെ അത്ര കൊള്ളില്ല എന്നു പറയുന്ന പോലെയാണ് ഗ്നു/ലിനക്സ് വിന്‍ഡോസിന്റെ അത്ര യൂസര്‍ ഫ്രണ്ട്‌ലി അല്ല എന്നു പറയുന്നത്. രണ്ടിന്റേയും രീതികള്‍ വ്യത്യസ്തമാണ്. വിന്‍ഡോസിന്റെ രീതികള്‍ വച്ച് ഗ്നു/ലിനക്സിനെ കമ്പയര്‍ ചെയ്യാതെ ഉപയോഗിച്ചു നോക്കൂ. 2003നു മുമ്പു വരെ താങ്കളിതു പറഞ്ഞാല്‍ ഞാനും യോജിക്കുമായിരുന്നു.