Thursday, August 17, 2006


സ്വാതന്ത്ര്യം അനന്തം

ഐ.ടി. രംഗത്തെ കുത്തക വിരുദ്ധരുടെ രാഷ്ട്രീയ പ്രചരണായുധം മാത്രമല്ല ഇന്ന്‌ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം. മൈക്രോസോഫ്റ്റിന്റെ കുത്തക തകര്‍ത്തുകൊണ്ട്‌ വന്‍കിട കമ്പനികളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. കേരളത്തിലെ ഐ.ടി. പാഠ്യപദ്ധതിയിലുംലിനക്സ്‌ സ്ഥാനംപിടിച്ചുകഴിഞ്ഞു

മൈക്രോസോഫ്റ്റിന്റെ പ്രചാരണ വാഹനങ്ങള്‍ അമേരിക്കയിലെമ്പാടും ചീറിപ്പായുകയാണിപ്പോള്‍. അവരുടെ ലോകപ്രശസ്ത ഓപ്പറേറ്റിങ്‌ സിസ്റ്റമായ വിന്‍ഡോസിലെ ഏറ്റവും പുതിയ അത്ഭുതങ്ങള്‍ പരിചയപ്പെടുത്തുകയാണ്‌ ഉദ്ദേശ്യം. 'മൈക്രോ സോഫ്റ്റ്‌ എക്രോസ്‌ അമേരിക്ക' എന്ന്‌ പേരിട്ട സര്‍വസജ്ജീകരണങ്ങളുമുള്ള ട്രക്കുകള്‍ ഐ.ടി. സ്ഥാപനങ്ങളിലും മൈക്രോ സോഫ്റ്റിന്റെ പങ്കാളിത്ത സംരംഭങ്ങളിലും കടന്നുചെന്ന്‌ പുതിയ ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്തുകയാണ്‌.

വിവര സാങ്കേതികവിദ്യാ ഭീമനായ മൈക്രോസോഫ്റ്റിനും ഓപ്പറേറ്റിങ്‌ സിസ്റ്റങ്ങളില്‍ കുത്തക സ്ഥാപിച്ചിരുന്ന അവരുടെ വിന്‍ഡോസിനും ഇങ്ങനെയൊരു പ്രചാരണ പരിപാടിയുടെ ആവശ്യമുണ്ടായിരുന്നില്ല ഇതുവരെ. ഇന്നുപക്ഷേ ചിത്രം മാറുകയാണ്‌. കൂടുതല്‍ കൂടുതല്‍ സ്ഥാപനങ്ങളും വ്യക്തികളും വിന്‍ഡോസ്‌ ഒഴിവാക്കി സ്വതന്ത്ര സോഫ്റ്റ്‌വെയറായ ലിനക്സിലേക്ക്‌ മാറുകയാണ്‌.

ഐ.ടി. രംഗത്തെ കുത്തക വിരുദ്ധരുടെ രാഷ്ട്രീയ പ്രചരണായുധം മാത്രമല്ല ഇന്ന്‌ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം. സ്വതന്ത്ര ചിന്തകര്‍ക്കൊപ്പം വന്‍കിട കമ്പനികളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍.

ലിനക്സ്‌ എന്ന ഓപ്പറേറ്റിങ്‌ സിസ്റ്റം അങ്ങനെ വിന്‍ഡോസിന്റെ കുത്തക തകര്‍ത്തുകൊണ്ടിരിക്കുകയാണ്‌. കേരളത്തിലെ സ്കൂളുകളില്‍ ഐ.ടി. പാഠ്യപദ്ധതിയില്‍ വിന്‍ഡോസിനു പകരം ലിനക്സ്‌ ഉള്‍പ്പെടുത്താന്‍ പുതിയ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

മൈക്രോ ചിപ്പുകളും കീപാഡും മോണിറ്ററുമൊക്കെയടങ്ങുന്ന വെറുമൊരു യന്ത്രമായ കമ്പ്യൂട്ടറിന്‌ ആത്മാവ്‌ നല്‍കുന്നത്‌ ഓപ്പറേറ്റിങ്‌ സിസ്റ്റമാണ്‌. ഇതിനെ അടിസ്ഥാനമാക്കിയാണ്‌ മറ്റു പ്രോഗ്രാമുകളെല്ലാം കമ്പ്യൂട്ടറില്‍ പ്രവേശിപ്പിക്കുന്നത്‌. ഓപ്പറേറ്റിങ്‌ സിസ്റ്റം എന്നുകേട്ടാല്‍ ആദ്യം മനസ്സിലോടിയെത്തുന്ന പേരാണ്‌ വിന്‍ഡോസ്‌. സാധാരണക്കാരന്‌ ഓപ്പറേറ്റിങ്‌ സിസ്റ്റത്തിന്റെ പര്യായമാണ്‌ അത്‌.

വിലകൊടുത്ത്‌ വാങ്ങിയെന്നുവെച്ച്‌ നമ്മുടെ സ്വന്തമാകുന്നില്ല വിന്‍ഡോസ്‌. അത്‌ പരിഷ്കരിക്കാനോ പകര്‍പ്പെടുക്കാനോ മറ്റാര്‍ക്കെങ്കിലും നല്‍കാനോ ഉപഭോക്താവിന്‌ സ്വാതന്ത്ര്യമില്ല.

ഇതില്‍ നിന്ന്‌ ഭിന്നമാണ്‌ സ്വതന്ത്ര സോഫ്റ്റ്‌വെയറായ ലിനക്സ്‌. അത്‌ പകര്‍ത്താം; പരിഷ്കരിക്കാം; വിതരണം ചെയ്യാം. സോഫ്റ്റ്‌വെയറിന്റെ ആന്തര രഹസ്യമായ സോഴ്‌സ്‌ കോഡ്‌ രഹസ്യമല്ല എന്നതാണ്‌ ലിനക്സ്‌ പോലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ സവിശേഷത. സോഴ്‌സ്‌ കോഡ്‌ രഹസ്യമല്ലാത്തതുകാരണം അത്‌ ആര്‍ക്കും മെച്ചപ്പെടുത്താം. സ്വന്തം ആവശ്യത്തിനനുസരിച്ച്‌ മാറ്റങ്ങള്‍ വരുത്താം. വിന്‍ഡോസ്‌ പരിഷ്കരിക്കണമെങ്കില്‍ മൈക്രോ സോഫ്റ്റിനുമാത്രമേ കഴിയൂ. അവരുടെ വിദഗ്‌ധര്‍ക്കുമാത്രമേ അതിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പറ്റൂ. എന്നാല്‍ ലോകമെമ്പാടുമുള്ള കമ്പ്യൂട്ടര്‍ വിദഗ്ദ്ധര്‍ ലിനക്സ്‌ മെച്ചപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്‌. ഇതുകാരണം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കുത്തക സോഫ്റ്റ്‌വെയറിനേക്കാള്‍ എപ്പോഴും ഒരുപടി മുന്നിലാവുമെന്ന്‌ അതിന്റെ പ്രചാരകര്‍ പറയുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പുതിയ പതിപ്പുകളും സൗജന്യമായി ലഭിക്കും.

മൈക്രോസോഫ്റ്റിന്റെ ഏതാണ്ടെല്ലാ സോഫ്റ്റ്‌വെയറുകള്‍ക്കും ബദലായി മെച്ചപ്പെട്ട സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുണ്ട്‌. മൈക്രോസോഫ്റ്റ്‌ ഓഫീസിനു പകരം കെ. ഓഫീസും ഓപ്പണ്‍ ഓഫീസും, എം.എസ്‌. വേഡിനു പകരം കെ. വേര്‍ഡ്‌, പവര്‍പോയന്റിനു പകരം കെ. പ്രസന്റര്‍, എക്സലിനു പകരം കെ. സ്പ്രെഡ്ഷീറ്റ്‌, വിന്‍ഡോസ്‌ മീഡിയ പ്ലെയറിനു പകരം കെ.ഡി.ഇ. മീഡിയ പ്ലെയര്‍, അഡോബ്‌ അക്രോബാറ്റിനു പകരം എക്സ്‌ പി.ഡി.എഫ്‌, വിന്‍സിപ്പിനു പകരം ആര്‍ക്കൈവര്‍ എന്നിങ്ങനെ. ഇന്റര്‍നെറ്റ്‌ എക്സ്‌പ്ലോററിനു പകരം ഉപയോഗിക്കാന്‍ ലിനക്സിനൊപ്പം കോണ്‍ക്വാര്‍ എന്ന ബ്രൗസറുണ്ട്‌. മോസില, ഓപ്പറ തുടങ്ങിയ സ്വതന്ത്ര ബ്രൗസറുകള്‍ വേറെയുമുണ്ട്‌.

വിന്‍ഡോസില്‍ ചെയ്യാവുന്ന എല്ലാ പണികളും ലിനക്സിലും ചെയ്യാം. വിന്‍ഡോസില്‍ ചെയ്ത രേഖകള്‍ ലിനക്സിലേക്ക്‌ മാറ്റുകയും ചെയ്യാം. എന്നാല്‍ ലിനക്സില്‍ ചെയ്ത ചില കാര്യങ്ങള്‍ വിന്‍ഡോസ്‌ അംഗീകരിക്കില്ല എന്നൊരു പ്രശ്നമുണ്ട്‌.

വിന്‍ഡോസ്‌ ഉപയോഗിച്ച്‌ ശീലിച്ചവര്‍ക്ക്‌ ലിനക്സിലേക്ക്‌ മാറുമ്പോള്‍ തുടക്കത്തില്‍ ചില പ്രയാസങ്ങള്‍ തോന്നിയേക്കാം. ഉദാഹരണത്തിന്‌ ഓരോ തവണയും കമ്പ്യൂട്ടര്‍ തുറക്കുന്നതിന്‌ യൂസര്‍നെയ്‌മും പാസ്‌വേഡും നല്‍കി ലോഗ്‌ ഇന്‍ ചെയ്യണം. ഫ്ലോപ്പിയോ ഡിസ്കോ ഇടുമ്പോള്‍ മൗണ്ട്‌ ചെയ്യണം. അതുപുറത്തെടുക്കുമ്പോള്‍ അണ്‍മൗണ്ട്‌ ചെയ്യണം. പരിചയമായിക്കഴിഞ്ഞാല്‍ ഇതൊന്നും ബുദ്ധിമുട്ടായി തോന്നില്ല. കുറേക്കൂടി സുരക്ഷിതമാണു താനും.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നാല്‍ ലിനക്സ്‌ അല്ല. പക്ഷേ, സ്വതന്ത്ര സോഫ്റ്റ്‌വെയറുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ അതാണ്‌. നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ പരിഷ്കരിച്ചെടുക്കാം എന്നതാണ്‌ ലിനക്സിന്റെ ഏറ്റവും വലിയ സവിശേഷത. സ്വന്തം സ്ഥാപനത്തിനുവേണ്ട രീതിയില്‍ അതു വികസിപ്പിച്ചെടുക്കാം. വലിയ കമ്പ്യൂട്ടര്‍ പരിജ്ഞാനമില്ലാത്ത സാധാരണക്കാര്‍ക്ക്‌ ഇതു കഴിയില്ല എന്നത്‌ ശരിതന്നെ. അതുകൊണ്ട്‌ സാധാരണക്കാര്‍ക്ക്‌ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൊണ്ട്‌ പ്രത്യേകിച്ച്‌ പ്രയോജനമൊന്നുമില്ല എന്ന്‌ വാദിക്കുന്നവരുണ്ട്‌. അതു ശരിയല്ല. പരിഷ്കരിക്കാനും മെച്ചപ്പെടുത്താനും പകര്‍പ്പെടുക്കാനും കഴിയുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വ്യാപിക്കുന്നത്‌ സമൂഹത്തിന്‌ മൊത്തം പ്രയോജനം ചെയ്യും. കമ്പ്യൂട്ടര്‍ പരിജ്ഞാനമില്ലാത്ത സാധാരണക്കാരനിലേക്കും ആ പ്രയോജനം ഇറങ്ങിച്ചെല്ലുകതന്നെ ചെയ്യും.

Article from mathrubhumi.com

7 comments:

Sreejith K. said...

വളരെ നല്ല ലേഖനം സജൂ. ഈ ബ്ലോഗിന്റെ പേരൊന്ന് മലയാളത്തില്‍ ആക്കിക്കൂടേ. എന്നാല്‍ ഇവിടെ അത് അക്ഷരമാല ക്രമത്തില്‍ വന്നേനേ.

മലയാളം ബ്ലോഗുകള്‍ക്കുള്ള സെറ്റിങ്ങ്സ് ഇതാ.

http://ashwameedham.blogspot.com/2006/07/blog-post_28.html

കിരണ്‍ തോമസ് തോമ്പില്‍ said...

മൈക്രോസൊഫ്റ്റിന്റെ ഓഫീസ്‌ ടൂള്‍സിന്റെ വാലില്‍ കെട്ടാന്‍ കൊള്ളില്ല ഓപ്പണ്‍ സോഴ്‌സ്‌ ടൂളുകള്‍. ഉദാത്തമെന്നും ഉല്‍കൃഷ്ടമെന്നൊക്കേ കൊട്ടീഘോഷിക്കുന്ന ഓപ്പണ്‍ സോഴ്‌സ്‌ സംഭവങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അറിയാം അതിന്റെ ബുദ്ധിമുട്ടുകള്‍. അപ്പോള്‍ ഒപ്പണ്‍ സോഴ്‌സുംകാര്‍ പറയും ദാനം കിട്ടിയ പശുവിന്റെ വായില്‍ പല്ലുണ്ടോ എന്ന് നോക്കരുത്‌ എന്ന്. ലോകം മുഴുവനുള്ള സാധാരണക്കാര്‍ക്ക്‌ ഇന്ന് കമ്പ്യൂട്ടറില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത്‌ മൈക്രോസോഫ്റ്റ്‌ വന്നതിന്‌ ശേഷമാണ്‌. വേറൊരു തരത്തില്‍ പറഞ്ഞാല്‍ എഞ്ചിനിയര്‍മാരുടെ കുത്തക തകര്‍ത്ത്‌ സാധാരണക്കാര്‍ക്ക്‌ കമ്പ്യൂട്ടര്‍ ഉപയോഗഷമമാക്കിയത്‌ മൈക്രോസോഫ്റ്റണ്‌

Unknown said...

കിരണ്‍ തോമസേ,
താങ്കള്‍ എപ്പോഴെങ്കിലും സര്‍ബത്ത് കഴിച്ചിട്ടുണ്ടോ?നന്നാരി സത്തില്‍ നാരങ്ങ പിഴിഞ്ഞ് ഒഴിച്ച് പഞ്ചസാര ചേര്‍ത്ത് ഇത്തിരി തണുപ്പോടെ.ഏതു കടയിലും ആര്‍ക്കും ഉണ്ടാക്കാവുന്നതാണത്.നല്ല കട നോക്കി കയറിയാല്‍ മതി.വയറിനൊന്നും ഒരു കുഴപ്പവും വരില്ല.അതല്ല, വടിവൊത്ത കുപ്പികളില്‍ വരുന്ന കളര്‍ഫുള്‍ കോളകളാണോ പഥ്യം?അവയെ എന്‍ഡോഴ്സ് ചെയ്യുന്ന താരങ്ങളുടെ സ്റ്റിക്കറും മറ്റും സൌജന്യമായി കിട്ടും.അവയില്‍ എന്തൊക്കെ അടങ്ങിയിട്ടുണ്ട് എന്ന് ആലോചിക്കുകയേ വേണ്ട.
ഇതിനു സമാനമായ ചോയ്സ് ആണ് free software ഉം proprietary software ഉം തമ്മിലുള്ളത്.

പിന്നെ, free software ഉം open source software ഉം രണ്ടും രണ്ടാണ്.ഇതും ദാ അതും ഒന്നു നോക്കൂ.

കിരണ്‍ തോമസ് തോമ്പില്‍ said...

സുരലോഗത്തിന്റെ കമ്മന്റ്‌ ഞാന്‍ ഇന്നാണ്‌ കണ്ടത്‌. താങ്കള്‍ ഉപയോഗിച്ച ഉപമയും എന്റെ വാദങ്ങളും തമ്മില്‍ എന്താണ്‌ ബന്ധമെന്ന് എനിക്ക്‌ മനസ്സിലാകുന്നില്ല. സര്‍ബത്തും കോളയും മൈക്രോസൊഫ്റ്റൂം ലിനക്സും. എല്ലാക്കാര്യത്തിലും ആവേശം പാടില്ലാ. മൈക്രോസോഫ്റ്റിനെ ഒരു പരിധിയില്‍ കഴിഞ്ഞ്‌ വിമര്‍ശിക്കരുത്‌. free softwares ന്‌ അവരുടേതായാ മാര്‍ക്കറ്റ്‌ ഉണ്ട്‌ അതില്‍ അവര്‍ കളിച്ചോട്ടേ. പക്ഷേ അതിന്‌ മൈക്രോസൊഫ്റ്റിനെ വിമര്‍ശിക്കുന്നതാണ്‌ മനസ്സിലാകത്തത്‌. ഇന്ത്യയില്‍ ഇന്നീക്കാണുന്ന IT വിപ്ലവത്തിന്‌ നാം മൈക്രോസോറ്റിനോട്‌ കടപ്പെട്ടിരിക്കുന്നു. free softwareകാര്‍ അവരുടേ പ്രോഡക്റ്റിനേക്കുറിച്ച്‌ സംസാിക്കട്ടേ , മൈക്രോസൊഫ്റ്റ്‌ അതു മാത്രമേ പറയുന്നുള്ളൂ. microsoft ഉപയോഗിക്കുന്നവര്‍ അതുപയോഗിക്കുക തന്നേ ചെയ്യും. പിന്നേ താത്പര്യമുള്ളവര്‍ free software ഉപയോഗിക്കട്ടേ. പക്ഷേ അതിന്‌ ഇത്ര വികാരം കൊളേണ്ട ആവശയമുണ്ടോ?.

Unknown said...

കിരണേ,
'സന്ദേശം' സിനിമയില്‍ ശ്രീനിവാസന്‍ പറഞ്ഞത്-"പോളണ്ടിനെപ്പറ്റി മിണ്ടരുത്"-ഓര്‍മ്മ വന്നു താങ്കള്‍ 'മൈക്രൊസോഫ്റ്റിനെ വിമര്‍ശിക്കരുത്' എന്നു പറഞ്ഞപ്പോള്‍.നാം ഉപയോഗിക്കുന്ന വസ്തുവിനെക്കുറിച്ച് അറിയാനും പരിഷ്കരിക്കാനും ഉള്ള സ്വാതന്ത്ര്യത്തെ സൂചിപ്പിക്കാനാണ് കോളയെയും സര്‍ബത്തിനെയും പറ്റി പറഞ്ഞത്.സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ പുച്ഛിച്ചുകൊണ്ട് താങ്കളുടെ കമന്റുകണ്ടപ്പോള്‍ പറഞ്ഞതാണ്.ഇന്ന് സാധാരണക്കാര്‍ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതിന് കാരണം മൈക്രൊസോഫ്റ്റാണെന്ന താങ്കളുടെ പല്ലവികേട്ട് കൂടുതല്‍ ഉപമകള്‍ തോന്നുന്നു.വേണ്ട;പിന്നെയും ആ പല്ലവി കേള്‍‌ക്കേണ്ടിവരും.

Unknown said...

മൈക്രോസൊഫ്റ്റ് ആണ് എഞ്ചിനീയര്‍മാരുടേയും ഗീക്കുകളുടേയും ലോകത്ത് നിന്ന് ക‍മ്പ്യൂട്ടറിനെ സാധാരണക്കാരന് താല്പര്യം ജനിപ്പിക്കുന്ന, അനായാസം ഉപയോഗിക്കാവുന്ന രീതിയിലാക്കിയത് എന്ന വാദത്തോട് യോജിക്കുന്നു. അവരുടെ ‘വിന്‍ഡോസ്‘ അല്‍ഭുതാവഹമായ മാറ്റമാണ് കമ്പ്യൂട്ടറിന്റെ പ്രചാരത്തില്‍ വരുത്തിയത് എന്നത് ഒരു വസ്തുതയാണ്. എന്നാല്‍ കുറച്ച് സമയം കഴിഞ്ഞപ്പോള്‍ മൈക്രോസോഫ്റ്റിന്റെ കുത്തക സ്വഭാവവും പുതിയ വേര്‍ഷനുകളുടെ പുതുമയില്ലായ്മയും പലര്‍ക്കും കല്ലുകടിയായി. അപ്പോഴല്ലേ പലരും വിന്‍ഡോസിനൊരു ബദല്‍ എന്ന ആശയം കാര്യമായെടുത്തത്?

സ്വതന്ത്ര സോഫ്റ്റുവേറുകള്‍ക്കും മൈക്രോസോഫ്റ്റിനും അവരുടേതായ മാര്‍ക്കറ്റുകള്‍ ഇന്ന് ഉണ്ട് എന്ന് തോന്നുന്നു. ഭാവിയിലെ കാര്യം സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം അവരുടെ വാഗ്ദാനങ്ങള്‍ (കുത്തകകളേക്കാള്‍ മികച്ച പ്രോഡക്റ്റ്) നിറവേറ്റുന്നതില്‍ വിജയിക്കുമോ എന്നുള്ളതിനെ ആശ്രയിച്ചിരിക്കും എന്ന് തോന്നുന്നു.

myexperimentsandme said...

ഇതിനെപ്പറ്റി നേരത്തെ കുറെ സംവാദങ്ങള്‍ നടന്നത് ഇവിടെ